ലഖ്‌നൗ: ഹരിയാനയിൽ നിന്ന് ഓട്ടോ റിക്ഷയിൽ ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ലഖ്‌നൗ-ആഗ്ര എക്സ് പ്രസ്സ് ഹൈവേയിൽ ശനിയാഴ്ച ഒരു ലോഡർ തട്ടിയാണ് അപകടമുണ്ടായത്. ദമ്പതികളുടെ ആറുവയസ്സുള്ള മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ഹരിയാനയിലെ ജജ്ജറിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിക്കുകയായിരുന്ന അശോക് ചൗധരി (35) ഭാര്യ ചോതി (33), മകൻ എന്നിവർക്കൊപ്പം ബീഹാറിലെ ദർബംഗ ജില്ലയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയിൽ പെട്രോൾ തീര്‍ന്നതിനെത്തുടര്‍ന്ന് ചൗധരി ഭാര്യയുടെ സഹായത്തോടെ ടാങ്ക് നിറയ്ക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസിന്റെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും അവരിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.