കോന്നി: ആവണിപ്പാറയുടെ ജനകീയ പ്രശ്നങ്ങൾ ജനപ്രതിനിധിയ്ക്കു മുന്നിൽ വച്ച് ഊരുകൂട്ടം . ആവണിപ്പാറ ഗിരിജൻ കോളനി സന്ദർശിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കാൻ എത്തിയ എം.എൽ.എയ്ക്ക് മുന്നിലാണ് കോളനിവാസികൾ പരാതികളുടെ കെട്ടഴിച്ചത്. ആദ്യമായി തങ്ങളെ തേടിയെത്തിയ എം.എൽ.എയ്ക്ക് പരമ്പരാഗത രീതിയിൽ സ്വീകരണം നല്കി കോളനി നിവാസികൾ സ്വീകരിച്ചു.
ആദ്യമായി ഒരു എം.എൽ.എയെ നേരിൽ കാണാനും അടുത്ത് ഇടപഴകാനും സ്നേഹ വിശേഷങ്ങൾ പങ്കിടാനും കോളനിവാസികൾക്ക് കിട്ടിയ അവസരം അവർ ആഘോഷമാക്കുകയായിരുന്നു. കോളനിയുടെ ഒരു പ്രധാന ആവശ്യം വൈദ്യുതിയായിരുന്നു. കോളനിയിൽ വൈദ്യുതി എത്തിക്കാൻ തീരുമാനമാക്കിയ എം.എൽ.എ നേരിട്ട് എത്തിയപ്പോൾ ഊരുമൂപ്പൻ അച്ചുതനും കോളനിവാസികളും പരമ്പരാഗത സ്വീകരണത്തിലൂടെ സന്തോഷം പങ്കിടുകയായിരുന്നു.
കോളനിവാസികൾ പ്രധാനമായും ഉയർത്തിയ പ്രശ്നം പാലവും കുടിവെള്ളവുമാണ്. മഴ പെയ്താൽ ഒറ്റപ്പെട്ടു പോകുന്ന ജീവിതങ്ങളാണ് കോളനിയിലുള്ളത്. കുടിവെള്ളത്തിനു വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇടപെടീൽ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള ഇടപെടീലും ഉണ്ടാകേണ്ടതുണ്ട്. കുടിലുകൾ മാറ്റി വീടുകൾ നിർമ്മിക്കണം.
വീടുകളിൽ എത്തി കിടപ്പു രോഗികളെയും എം.എൽ.എ സന്ദർശിച്ചു. രോഗികളായിട്ടുള്ളവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഡി.എം.ഒ യോട് നിർദ്ദേശിക്കുമെന്നും എം.എൽ.എ പറഞ്ഞു. കോളനിവാസികൾ എം.എൽ.എയ്ക്ക് ഭക്ഷണവും ഒരുക്കി നല്കി. കപ്പയും കാന്താരി സമ്മന്തിയുമായിരുന്നു എം.എൽ.എയ്ക്ക് ഭക്ഷണം. എം എൽ എ യോടൊപ്പം പഞ്ചായത്ത് അംഗങ്ങൾ ആയ കോന്നി വിജയ കുമാർ, പി. സിന്ധു, സിപിഎം നേതാക്കൾ വര്ഗീസ് ബേബി, എബിൻ ബേബി, അജയകുമാർ, റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ, വി. എസ്. എസ്. സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു. ഊര് മൂപ്പൻ അച്യുതന്റെ അധ്യക്ഷതയിൽ കൂടിയ ഊര് കൂട്ടത്തിനു വാർഡ് മെമ്പർ സിന്ധു സ്വാഗതവും എസ് ടി പ്രൊമോട്ടർ ലിജോ വർഗീസ് നന്ദിയും പറഞ്ഞു.