ചെങ്ങന്നൂർ: ക്ലാസ്സ്മുറിയിലും പാഠപുസ്തകങ്ങളിലും ഒതുങ്ങി നിൽക്കാതെ ഗണിതപഠനത്തെ ജീവിതഗന്ധിയും ജീവിതബന്ധിയുമാക്കാൻ സമഗ്ര ശിക്ഷ കേരളം ഗണിതോത്സവം എന്ന പേരിൽ ജനുവരി 17 , 18, 19 തീയതികളിൽ 8 കേന്ദ്രങ്ങളിലായി ത്രിദിന ക്യാമ്പുകൾ നടത്തുകയാണ്. ഗണിതത്തിലെ അടിസ്ഥാനശേഷികളും 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ പഠനനേട്ടങ്ങളും നിത്യജീവിതത്തിലെ സന്ദർഭങ്ങളിലൂടെ കുട്ടികൾക്ക് അനുഭവവേദ്യമാകും വിധമാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ചെങ്ങന്നൂർ ഉപജില്ലയിൽ ജി യു പി എസ് പെണ്ണുക്കര, ജി എച്ച് എസ്സ് എസ് ബുധനൂർ, ജി യു പി എസ് ചെങ്ങന്നൂർ, ഡി ബി എച്ച് എസ് ചെറിയനാട്, എൻ എസ് ബി എച്ച് എസ് എസ് മാന്നാർ, എസ് എച്ച് വി എച്ച് എസ് കാരക്കാട്, എസ് വി എച്ച് എസ് പാണ്ടനാട്, ശാലേം യു പി എസ് വെണ്മണി എന്നീ വിദ്യാലയങ്ങളിലായി 800 ൽ പരം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും.
പാണ്ടനാട്, തിരുവൻവണ്ടുർ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളെ ഉൾപ്പെടുത്തി പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചെങ്ങന്നൂർ സബ്‌ജില്ലാതല ഗണിതോത്സവത്തിന്റെ ഉദ്ഘാടനം എം എൽ എ സജി ചെറിയാൻ നിർവ്വഹിച്ചു. പാണ്ടനാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോജി പാലങ്ങാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു, ബി പി ഒ ജി കൃഷ്ണകുമാർ, സ്വാമിവിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് റ്റി കെ ചന്ദ്രചൂഡൻ നായർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക എസ് ഗിരിജ, അധ്യാപകരായ സ്മിത എസ് കുറുപ്പ്, ആർ രാജേഷ് എന്നിവർ സംസാരിച്ചു.