കോന്നി : ആവണിപ്പാറ ഗിരിവർഗ കോളനിയിലേക്കുള്ള കടത്ത് വള്ളം അപകടാവസ്ഥയിൽ. പട്ടിക വർഗ വികസന വകുപ്പിൽ നിന്നും 2016 – 17 വർഷത്തിൽ അനുവദിച്ചതാണ് ആവണിപ്പാറ കോളനിയിലേക്കുള്ള കടത്തുവള്ളം.
അഞ്ച് വർഷത്തോളം ഇതിന് പഴക്കമുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് നദിയിലൂടെ ഒഴുകി വന്ന തടി ഇടിച്ചത് മൂലം ഈ ഫൈബർ വള്ളത്തിന്റെ മുമ്പിലും പുറകിലും തകരാർ സംഭവിച്ചിരുന്നു. ഇത് വീണ്ടും നശിച്ച് പോകാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കെട്ടിവെച്ചാണ് ആളുകളെ മറുകരയിൽ എത്തിക്കുന്നത്. തുഴയില്ലാത്ത വള്ളത്തിൽ ഇരുകരയിലും കെട്ടിയിരിക്കുന്ന കയറിൽ മുറുകെ പിടിച്ചാണ് യാത്ര.
മൂന്ന് വർഷക്കാലമായി കോളനിയിൽ താമസിക്കുന്ന പരമു എന്നയാളാണ് കടത്ത് നടത്തുന്നത്. കൂടുതൽ ആളുകളെ കയറ്റിയാൽ അപകടം സംഭവിക്കുമോ എന്ന ഭയവും പരമുവിനുണ്ട്. യാത്ര ചെയ്യുന്നവർ നൽകുന്ന ചെറിയ തുകയാണ് പരമുവിന് കിട്ടുന്ന പ്രതിഫലം. കോളനിയിലേക്ക് പുതിയ വള്ളം അനുവദിക്കുകയോ തൂക്കുപാലം നിർമ്മിക്കുകയോ ചെയ്യണമെന്നാണ് കോളനിവാസികളുടെ ആവശ്യം. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള അച്ഛൻകോവിലാറ്റിൽ അപകടകരമായ അവസ്ഥയിലുള്ള ഈ വള്ളം കൊണ്ട് എത്രനാൾ മറുകര കടക്കും എന്ന ആശങ്കയിലാണ് കോളനിവാസികൾ.