കോന്നി : നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സുഗമമായി ലഭിക്കുമ്പോൾ കോന്നി ആവണിപ്പാറ ഗിരിവർഗ്ഗ കോളനിയിലെ വിദ്യാർഥികൾക്ക് മൊബൈൽ കവറേജ് ലഭിക്കാത്തത് മൂലം ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണ്. ആവണിപ്പാറ കോളനിയിലെ ഏക സർക്കാർ സ്ഥാപനമായ അംഗൻവാടിയാണ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന കേന്ദ്രം.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ടി വി യിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ ചാനലുകളിൽ വരുന്ന ഓൺലൈൻ ക്‌ളാസുകൾ വീക്ഷിക്കുന്നുണ്ടെങ്കിലും മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കാത്തതിനാൽ അദ്ധ്യാപകർ സ്കൂളിൽ നിന്നും അയച്ച് നൽകുന്ന വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തുവാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള നിരവധി വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മുമ്പ് ഹോസ്റ്റലിൽ നിന്നാണ് വിദ്യാർഥികൾ പഠനം മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ ഓൺലൈൻ സംവിധാനം വഴിയാണ് വിദ്യാർഥികൾ പഠിക്കുന്നത്.
ചെമ്പനരുവിയിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവറിൽ നിന്നുമാണ് ആവണിപ്പാറയിലേക്ക് റേഞ്ച് ലഭിക്കുന്നത്. എന്നാൽ ഇത് കാര്യക്ഷമമായി ലഭിക്കുന്നുമില്ല. വന്യ മൃഗങ്ങൾ നിറഞ്ഞ ആവണിപ്പാറയിൽ പഠനത്തിനായി മൊബൈൽ റേഞ്ച് കിട്ടാത്തതിനാൽ കാട്ടിലൂടെ ഏറെ ദൂരം നടന്ന് റേഞ്ച് കിട്ടുന്ന സ്ഥലങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളും അനവധിയാണ്. പഠിക്കാൻ സമർഥരായ നിരവധി വിദ്യാർധികളും ഇവിടെയുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള ഗൂഗിൾ മീറ്റും നെറ്റ് ലഭിക്കാത്തതിനാൽ തടസം നേരിടുന്നതായി വിദ്യാർഥികൾ പറയുന്നു. ഈ അവസ്ഥയിൽ തങ്ങളുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ് ആവണിപ്പാറയിലെ വിദ്യാർഥികൾ.