അവിനാശി: തിരുപ്പൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ബസും കൂട്ടിയിടിച്ച് മരിച്ച 20 പേരും മലയാളികളെന്ന് റിപ്പോര്‍ട്ട്. ബസില്‍ 48 പേരാണ് ഉണ്ടായിരുന്നതെന്നും ഇവരില്‍ 42 പേരും മലയാളികളായിരുന്നെന്നും തിരുപ്പൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ 25 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 19 മൃതദേഹങ്ങള്‍ അവിനാശി, തിരൂപ്പുര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചതായി കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
മരിച്ചവരില്‍ തൃശൂര്‍ സ്വദേശികളായ ഐശ്വര്യ (28), ഇഗ്നി റഫേല്‍ (39), കിരണ്‍ കുമാര്‍ (34), ഹനീഷ് (25), നിബില്‍ ബേബി, റഹീം, പാളയം സ്വദേശി ശിവകുമാര്‍ (35), പാലക്കാട് രാജേഷ്, സ്വദേശി റോസിലി, ജിസ്‌മോന്‍ ഷാജു, കണ്ടക്ടര്‍ പിറവം സ്വദേശി ബൈജു, ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി വി.ഡി ഗിരീഷ് എന്നിവരെ തിരിച്ചറിഞ്ഞു. ബസില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ രേഖകള്‍ പ്രകാരമാണിത്. എറണാകുളത്ത് ഇറങ്ങേണ്ട 25 പേരും പാലക്കാട് നാല്, തൃശൂര്‍ 19 പേരുമാണ് ബസിലുണ്ടായിരുന്നത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് കോയമ്പത്തൂര്‍ – സേലം ബൈപ്പാസില്‍ എറണാകുളം രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ ലോറി മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലൂടെ എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ആര്‍.എസ് 784 ബസില്‍ ഇടിച്ചുകയറിയത്.