പാലക്കാട്: കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അവിനാശിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് ഉറങ്ങിപ്പോയതാവാം കാരണമെന്ന് അനുമാനമുണ്ടായിരുന്നുവെങ്കിലും ഇന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അക്കാര്യം സ്ഥിരീകരിച്ചത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഹേമരാജ് പോലീസിന് മൊഴി നല്‍കിയത്.
ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് നാളെ ഗതാഗത കമീഷണര്‍ക്ക് കൈമാറും. പാലക്കാട് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയാണ് റിപ്പോര്‍ട്ട് നല്‍കുക. ഹേമരാജ് കഴിഞ്ഞ ദിവസം തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഹേമരാജിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.