കാസര്‍കോട് : രാഷ്‌ട്രപതി രാം നാഥ് കോവിന്ദും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കുന്ന പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന പരിപാടിയിലേക്ക് സ്ഥലം എം പി രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎല്‍എ അഡ്വ.സി എച്ച് കുഞ്ഞമ്പുവിനും ക്ഷണമില്ല. സര്‍വകലാശാല നടപടിക്കെതിരെ ഇരുവരും പ്രതിഷേധിച്ചു. പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്.
ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്ന് എം പി കൂട്ടിച്ചേര്‍ത്തു. സി എച്ച് കുഞ്ഞമ്പു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലുവിന് കത്തയച്ചു. ‘കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ബഹു. ഇന്‍ഡ്യന്‍ പ്രസിഡന്റ് പങ്കെടുത്തു കൊണ്ട് 21.12.2021-ന് നടക്കുന്ന ബിരുദ ദാന ചടങ്ങ് പത്രവാര്‍ത്ത മുഖേന അറിയാന്‍ സാധിച്ചു. ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎല്‍എയാണെന്ന കാര്യം താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു. സി യു കെയിലെ പരിപാടി പത്രവാര്‍ത്ത മുഖേന മാത്രം അറിയാന്‍ സാധിച്ചതിലുള്ള അതൃപ്തി താങ്കളെ അറിയിക്കുന്നു’ – കത്തില്‍ സി എച്ച് കുഞ്ഞമ്പു പറയുന്നു.
ക്ഷണിക്കപ്പെട്ട 700 പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിലേക്ക് പ്രവേശനമുള്ളത്. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു, റെജിസ്ട്രാര്‍ ഡോ. എന്‍ സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട് അംഗങ്ങള്‍, എക്സിക്യൂടീവ് കൗന്‍സില്‍ അംഗങ്ങള്‍, അകാഡെമിക് കൗന്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമിറ്റി അംഗങ്ങള്‍, വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് സ്ഥലത്തെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന വിമര്‍ശനം ഉയരുന്നത്.