പനാജി: ഈ വര്‍ഷം മുതല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച വെബ്‌സീരീസിനും പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭാഷയില്‍ ചിത്രീകരിച്ച ഒറിജിനല്‍ സീരീസുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. മന്ത്രി ട്വിറ്ററിലൂടെയാണ് ഐ.എഫ്.എഫ്.ഐയിലെ പുതിയ മത്സരവിഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും നല്‍കുന്നത്.
പുതിയ സൃഷ്ടികള്‍ ഉണ്ടാക്കുക, ഇന്ത്യന്‍ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, ഒടിടി വ്യവസായത്തിന്റെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക എന്നിവയാണ് ഈ പുരസ്‌കാരം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെബ്‌സീരീസുകള്‍ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.