അയിരൂര്‍ : പഞ്ചായത്തിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദേശമായ പുത്തേഴം പാടശേഖരത്തിലെ കൃഷിക്ക് ഭീഷണിയായി മട വീണു. നിര്‍മാണം പൂര്‍ത്തിയായതിന്റെ പിറ്റേ ദിവസത്തെ മഴയിലാണ് ഒരു മട നിലം പതിച്ചത്. എട്ടു വര്‍ഷത്തിലധികമായി മട വീഴ്‌ച കാരണം ലക്ഷക്കണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നഷ്‌ടപ്പെട്ടു കൊണ്ടിരുന്നത്.
ഹെക്‌ടര്‍ വരുന്ന പാടശേഖരത്തില്‍ 40- ല്‍ അധികം കര്‍ഷകരാണ് പാട്ടത്തിടെുത്തും സ്വന്തമായും കൃഷി ചെയ്യുന്നത്. എല്ലാ വര്‍ഷവും മഴക്കാലത്ത് വെളളം കയറി നശിക്കുന്നതു കാരണം പലരും കൃഷി അവസാനിപ്പിച്ചു. അതോടൊപ്പം പന്നിയുടെ ശല്യം കൂടിയായതോടെ നഷ്‌ടകണക്ക് വീണ്ടും കൂടി. കപ്പ, വാഴ, കിഴങ്ങ് തുടങ്ങി നിരവധി കാര്‍ഷിക വിളകളാണ് നശിച്ചു പോയത്.
മുതുപാലയ്‌ക്കല്‍ മുതല്‍ പുത്തേഴം വരെ മൂന്ന് മടകളാണ് വീണു കിടന്നിരുന്നത്. ഇത് നിര്‍മ്മിച്ച് വെള്ളം പാടശേഖരത്തില്‍ ഇറങ്ങാതെ തോട്ടില്‍ കൂടി ഒഴുക്കുന്നതിന് നിരവധി വകുപ്പുകളെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍ തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കുഴിവേലില്‍ ഇടപെട്ട് തന്റെ വാര്‍ഡിലേക്ക് പശ്‌ചാത്തല മേഖലയില്‍ അനുവദിച്ച ഫണ്ടില്‍ നിന്നും തുക മാറ്റിവെച്ചാണ് മടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിലൊന്നാണ് ഇപ്പോള്‍ തകര്‍ന്നത്. ഇതോടെ വലിയ തോതില്‍ വെള്ളം പാടശേഖരത്തിലേക്ക് ഒഴുകി കൃഷിക്ക് നാശനഷ്‌ടമുണ്ടായി. മട നിര്‍മ്മിച്ചതിലും അപാകത ഉള്ളതായി നാട്ടുകാര്‍ പറയുന്നു.