കവരത്തി : രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ഇന്ന് കവരത്തി പോലീസ് ചോദ്യം ചെയ്യും. വൈകിട്ട് നാലരയോടെയാണ് ഐഷ പോലീസ് സ്റ്റേഷനില്‍ ഹാജരാകുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഐഷ സുല്‍ത്താന ഇന്നലെയാണ് അഭിഭാഷകനൊപ്പം ലക്ഷദ്വീപിലെത്തിയത്. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും പോലീസ് തന്നെ അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. അതേസമയം ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഡല്‍ഹിയിലേക്ക് പോയി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി അഡ്മിനിസ്ട്രേറ്ററെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.