കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ. എന്റെ വായില്‍ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകള്‍ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
വിധി മാത്രമേ താന്‍ കേട്ടിട്ടുള്ളൂ. വിധിയെക്കുറിച്ച് കൂടുതല്‍ കാര്യം അറിയില്ലെന്നും അവര്‍ പറഞ്ഞു. ലക്ഷദ്വീപ് പോലീസുകാരുടെ ചോദ്യം ചെയ്യലില്‍ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാല്‍ പോലീസുകാര്‍ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്‌നം തരണം ചെയ്യാനാണ് താന്‍ ഇറങ്ങിയത്. ഞാനിപ്പോള്‍ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
ഐഷ സുല്‍ത്താനയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ഇടക്കാല ഉത്തരവില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് ദിവസം കവരത്തിയില്‍ ലക്ഷദ്വീപ് പോലീസ് ഐഷയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.