കൊച്ചി : ചോദ്യം ചെയ്യലിന് ശേഷം സംവിധായിക ഐഷ സുല്‍ത്താനയെ വിട്ടയച്ചു. കൊച്ചിയിലേക്ക് മടങ്ങാനും ഐഷക്ക് കവരത്തി പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ കവരത്തി പോലിസ് വിളിപ്പിച്ചിരുന്നു. മൂന്നാം തവണയാണ് ഐഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പോലീസില്‍ പരാതി നല്‍കിയത്. കവരത്തി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.