ലക്നൗ : അയോധ്യ ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചു. അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിര്‍വ്വഹിക്കും. 40 കിലോഗ്രാം തൂക്കമുള്ള വെള്ളി കൊണ്ടുള്ള ഇഷ്ടികയാണ് ഇതിനായി ഉപോയോഗിക്കുക. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
അയോധ്യയിലെ സകേത് കോളജ് ഹെലിപാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നാണ് ഭൂമിപൂജയക്കായി എത്തിയത്. ചടങ്ങുകള്‍ രാവിലെ 11.30ഓടെ ആരംഭിച്ചു.
യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്, ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് മോദിക്ക് പുറമെ പ്രധാനവേദിയില്‍ ഉള്ളത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.