അയോധ്യ : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണമനുസരിച്ച് എത്തുന്ന പ്രധാനമന്ത്രി ആഗസ്റ്റ് അഞ്ചിന് നിര്‍മാണ ഭൂമിയില്‍ ഭൂമിപൂജ ചടങ്ങിലും പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം ശുഭദിവസങ്ങളായി അറിയിച്ചത് ഓഗസ്റ്റ് 3, 5 തീയതികളായിരുന്നു. ഇതില്‍ ഓഗസ്റ്റ് 5 സ്വീകരിച്ചതായി അറിയിപ്പു കിട്ടി. ചടങ്ങുകള്‍ രാവിലെ 8ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി 11 മണിയോടെ അയോധ്യയിലെത്തുമെന്നുമാണു സൂചന. രണ്ടു മണിക്കൂറോളം അവിടെ ചെലവിടും. ക്ഷേത്രത്തിന്റെ ആധാരശിലയും പ്രധാനമന്ത്രി സ്ഥാപിച്ചേക്കും.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. മാര്‍ച്ചില്‍ ആരംഭിക്കേണ്ടിയിരുന്ന, നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവൃത്തികള്‍ കോവിഡ് വ്യാപനത്തിെന്റ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആദ്യ അയോധ്യ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രിക്കു പുറമെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേഖലയില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, എം.പിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതിനു പുറമെ, ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൃത്തങ്ങള്‍ പറഞ്ഞു.