ചെറുകോല്‍പ്പുഴ : ഹിന്ദുമത മഹാമണ്ഡലത്തിന്റെ 113-മത് അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടുമുതൽ ഒൻപതുവരെ പമ്പാ മണൽപ്പുറത്തു നടക്കും. രണ്ടിനു വൈകിട്ട് നാലിന് ഗവർണർ രാജേന്ദ്ര ആർലേക്കർ പരിഷത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിക്കും. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, സദാനന്ദപുരം അവധൂദാശ്രമം മഠാധിപതി ചിദാനന്ദഭാരതി സ്വാമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
നാലിനു വൈകിട്ട് 3.30-ന് അയ്യപ്പഭക്ത സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
അഞ്ചിനു വൈകിട്ട് 3.30-ന് ഹിന്ദു ഏകതാ സമ്മേളനം ആർ.എസ്.എസ്. സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30-ന് വർക്കല ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ആധ്യാത്മിക പ്രഭാഷണം നടത്തും. ആറിനു വൈകിട്ട് 3.30-ന് പരിസ്ഥിതി- സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30-ന് സനാതനധർമ പ്രചാരകൻ ഒ.എസ്. സതീഷ് ആധ്യാത്മികപ്രഭാഷണം നടത്തും. ഏഴിനു രാവിലെ 10.30-ന് പാഞ്ചജന്യം മാതൃഭാരതി അധ്യക്ഷ ലക്ഷ്മി കനാത്ത്, പരുമല ദേവസ്വംബോർഡ് കോളേജ് റിട്ട. പ്രൊഫ. പി.ആർ. ലളിതമ്മ എന്നിവർ പ്രഭാഷണം നടത്തും. എട്ടിന് രാവിലെ 10.30-ന് നടക്കുന്ന യൂത്ത് പാർലമെന്റിന്റെ ഉദ്ഘാടനം ദിവ്യാംഗ് ഫൗണ്ടേഷൻ ഡയറക്ടർ പ്രജിത് ജയപാൽ നിർവഹിക്കും. ഒൻപതിനു വൈകിട്ട് 5.30-നു നടക്കുന്ന സമാപനസഭയുടെ ഉദ്ഘാടനം ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നിർവഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ടി.കെ.സോമാനാഥൻ നായർ, ശ്രീജിത്ത് അയിരൂർ, സി.ജി. പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.