തിരുവനന്തപുരം : അഴീക്കലില്‍ നടന്ന ബോട്ടപകടത്തില്‍ പെട്ടവര്‍ക്ക് ധനസഹായം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും മുന്‍ വച്ചിട്ടുണ്ട്.
അതുപോലെ ഈ അപകടത്തില്‍പെട്ട ഓംകാരം എന്ന ബോട്ട് ഉടമയ്ക്കും ആവശ്യമായ ധനസഹായം ലഭ്യമാക്കണം. ഇത്തരം ദുരന്തങ്ങള്‍ മുന്നില്‍കണ്ട് മറൈന് ആംബുലന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
അഴീക്കല്‍ ഭാഗത്ത് ഈ ബോട്ടപകടം ഉണ്ടാക്കുവാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മകള്‍ കണ്ടെത്തുകയും, ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യണമെന്ന് ചെന്നിത്തല പറഞ്ഞു.