കൊല്ലം: മദ്യപിച്ച് നിരന്തരമായി മര്‍ദിക്കുന്നതിനെതിരേ പോലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയുടെയും മകളുടെയും സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികളുടെയും നേരേ ആസിഡ് ആക്രമണം നടത്തി. കൊല്ലം കൊട്ടിയത്താണ് സംഭവം.
വാളത്തുംഗല്‍ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയന്‍ മദ്യത്തിന് അടിമയാണെന്നും ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നത് പതിവാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടും ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് രജി ഇരവിപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല.
പോലീസ് മടങ്ങിയശേഷം ജയന്‍ എത്തി കൈയില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിച്ചു. ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.