മാനന്തവാടി : വയനാട്ടില്‍ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗബാധയുണ്ടായത് വിവിധ വകുപ്പുദ്യോഗസ്ഥർക്കിടയിലും പൊതു ജനങ്ങളിലും ആശങ്ക ഉയർത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും അതിർത്തികളിലടക്കം താഴെത്തട്ടിലെ ഉദ്യോഗസ്ഥർ പണിയെടുക്കുന്നത് കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ്.
ആറ് അതിർത്തി ചെക്പോസ്റ്റുകളിലൂടെ ദിവസവും ആയിരക്കണക്കിന് മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇവരില്‍ പലരും വരുന്നത് ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ വന്‍തോതില്‍ രോഗപ്പകർച്ചയുണ്ടായ മേഖലകളില്‍ നിന്നാണ്. എന്നാല്‍ പരിശോധനാ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് ഇവരുമായി അടുത്തിടപഴകുന്നവരാണ് പോലീസ്, റവന്യൂ മുതലായ വിവിധ വകുപ്പുദ്യോഗസ്ഥർ. ഇവർ എത്രത്തോളം സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യമായി ചിന്തിക്കുന്നില്ല. ജീവനക്കാരുടെ ഇടയില്‍ കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിലുള്ളത്.