പത്തനംതിട്ട : ഹൈദരാബാദ് ആസ്ഥാനമായ ഹെക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി റെഡ്ഡി ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ കെട്ടിടങ്ങളില്‍ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലിഫ്റ്റ് സംവിധാനവും ഒരുക്കുന്നതിന് 4.5 കോടി രൂപ വാഗ്ദാനം ചെയ്തു.
തിരുവനന്തപുരത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പാര്‍ത്ഥസാരഥി റെഡ്ഡിയുമായി ഫോണില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ആശയവിനിമയം നടത്തി. ഹൈദരാബാദില്‍ നിന്ന് രാവിലെ 8.30-ഓടെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം പാര്‍ത്ഥസാരഥി റെഡ്ഡി നിലയ്ക്കലിലെത്തിയത്.
നിലയ്ക്കല്‍ പോലീസ് സ്‌പെഷല്‍ ഓഫീസര്‍ മഹേഷ്ദാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഇ. കൃഷ്ണകുമാര്‍, എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ. അജിത്ത് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പമ്പയില്‍ സ്‌പെഷല്‍ ഓഫീസര്‍ ആമോസ് മാമന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഗോപകുമാര്‍, അസി. എഞ്ചിനിയര്‍ എസ്.കെ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലും അദ്ദേഹത്തിന് സ്വീകരണം നല്‍കി.
ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഇ. കൃഷ്ണകുമാര്‍, എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ. അജിത്ത്, കോ-ഓര്‍ഡിനേറ്റര്‍ കെ. റെജികുമാര്‍ എന്നിവരോടൊപ്പം രാവിലെ 11 മണിയോടെ സന്നിധാനത്തെത്തിയ പാര്‍ത്ഥസാരഥി റെഡ്ഡിയെയും സംഘത്തെയും എക്‌സിക്യുട്ടിവ് ഓഫീസര്‍ കെ. കൃഷ്ണകുമാര വാരിയര്‍ എതിരേറ്റു.
ഉച്ചപൂജയ്ക്ക് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം ഏറ്റുവാങ്ങി.
ഹൈദരാബാദ് ആസ്ഥാനമായ വാസവി ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീകാന്ത് റെഡ്ഡി, പാര്‍ത്ഥസാരഥി റെഡ്ഡിയുടെ മരുമകന്‍ ശ്രീനിവാസ് റെഡ്ഡി, ഡോ. ജാസ് ഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.