തിരുവനന്തപുരം : ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകര്‍ത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു മസ്ജിദ് തകര്‍ക്കല്‍. ടെലിവിഷന്‍ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവര്‍ മസ്ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബിജെപി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജന്‍സികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്‍്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.
ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനുള്ള തുടര്‍നടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങള്‍ക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും ബി ജെ പി ഭരണത്തില്‍ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്. ഈ കോടതിവിധി ആര്‍ എസ് എസുകാര്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ ഉത്തേജനം നല്‍കുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങള്‍ക്കുമെതിരെ ആര്‍ എസ് എസുകാര്‍ ഭീഷണിയും അവകാശവാദവും ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി – കോടിയേരി പറഞ്ഞു.