മുംബൈ : ആദ്യമായി മറുപിള്ളയിലൂടെ അമ്മയില്‍ നിന്ന് കുഞ്ഞിന് കൊറോണവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന മറുപിള്ളയിലൂടെയാണ് രോഗസംക്രമണം നടന്നിരിക്കുന്നത്. പ്രധാനമായും അണുബാധക്ക് കാരണമാകുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കമാണ് ഇതിന് കാരണമെന്ന് ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ആരതി കിനികര്‍ പറഞ്ഞു.
സാധാരണയായി മാതാവിന് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ മുലയൂട്ടല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സമ്പര്‍ക്കങ്ങള്‍ മൂലം പ്രസവാനന്തരം മൂന്ന് നാല് ദിവസത്തിന് ശേഷം കുഞ്ഞിനും രോഗം ബാധിക്കാം. എന്നാല്‍ കുഞ്ഞ് ഗര്‍ഭാശയത്തിലായിരിക്കുമ്പോഴും മാതാവിന് അണുബാധയുണ്ടാകുമ്പോഴും മറുപിള്ളയിലൂടെ അണുബാധ കൈമാറാന്‍ കഴിയും. അവര്‍ പറഞ്ഞു.
പ്രസവത്തിന് ഒരാഴ്ച മുമ്പ് സ്ത്രീക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഗര്‍ഭിണികളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കണമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ സി എം ആര്‍)ന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനാ ഫലത്തില്‍ യുവതി കൊവിഡ് നെഗറ്റീവ് ആയിരുന്നു.
അതേസമയം, ജനനശേഷം കുട്ടിയുടെ മൂക്കിലെ സ്രവവും പൊക്കിള്‍കൊടിയും മറുപിള്ളയും പരിശോധനക്ക് അയച്ചപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു. പിന്നീട് കുഞ്ഞിനെ പ്രത്യേക വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ജനിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിന് ശക്തമായ പനിയുണ്ടാകുകയും തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം സുഖം പ്രാപിച്ച മാതാവിനെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.
ഇത് വളരെ വെല്ലുവിളി നിറഞ്ഞ കേസായിരുന്നെന്നും ഗര്‍ഭസ്ഥശിശുവിലേക്ക് വൈറസ് ബാധ നേരിട്ട് പകരുന്ന ആദ്യത്തെ സംഭവമാണിതെന്നും ആശുപത്രി ഡീന്‍ ഡോ.മുര്‍ലിധര്‍ തംബെ അവകാശപ്പെട്ടു.