കൊച്ചി : ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങൾ കൂടുതലായി തൊഴിൽതേടിയെത്തുന്നത് കേരളത്തിലേക്കാണെന്ന് പഠനങ്ങൾ. പിന്നാക്കവിഭാഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് വരാൻ ഉയർന്ന സമുദായംഗങ്ങൾ മടിക്കുന്ന സാഹചര്യവുമുണ്ട്. ഒഡിഷയിലെ ഗഞ്ചാം ജില്ലയ്ക്കും കേരളത്തിനും ഇടയിൽ രൂപംകൊണ്ടിരിക്കുന്ന തൊഴിൽ കുടിയേറ്റ ഇടനാഴി കേന്ദ്രീകരിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ക്രൂരമായ ജാതി വേർതിരിവുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഒഴിവാക്കി വിവേചനം കുറവായ സംസ്ഥാനങ്ങളിലേക്കാണ് കുടിയേറ്റം ഏറെയുമെന്ന് പഠനം പറയുന്നു. ഗഞ്ചാമിൽനിന്ന് ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തിലേക്ക് വർഷങ്ങളായി കുടിയേറ്റമുണ്ടായിരുന്നു. ഒഡിഷയിൽനിന്നുള്ള മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾ ഒരുപോലെ സൂറത്തിലെത്താൻ തുടങ്ങിയതോടെ ജാതിവിവേചനം അവിടെയും കൂടി.
അതോടെ പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർ സൂറത്തിലേക്ക് പോകുന്നത് ഒഴിവാക്കാൻ തുടങ്ങി. അവർ കേരളം തിരഞ്ഞെടുത്തു. ജാതീയമായ വേർതിരിവ് കുറവായതാണ് കാരണം. കേരളത്തിൽ കൂലി കൂടുതലാണെങ്കിലും ഒഡിഷയിലെ ഉയർന്ന സമുദായ അംഗങ്ങൾ ഇപ്പോഴും സൂറത്തിലേക്ക് പോകാനാണ് താത്‌പര്യപ്പെടുന്നത്. സ്വന്തം നാട്ടിലെ പിന്നാക്കവിഭാഗങ്ങൾക്കൊപ്പം ജോലിചെയ്യാനുള്ള മടിയാണ് ഇതിനു കാരണം. ഒഡിഷയിലെ കാണ്ഡമാൽ കലാപത്തിനുശേഷം ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളവരും കേരളത്തിലേക്ക് കൂടുതലായി തൊഴിൽ തേടിയെത്തുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.