കൊച്ചി: സ്ത്രീക്കെതിരെ കോടതി ഉത്തരവില്‍ മോശം പരാമര്‍ശം ഉപയോഗിച്ച കുടുംബകോടതി ജഡ്ജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന് വിട്ടുനല്‍കിയ ഉത്തരവിലാണ് അമ്മയ്ക്കെതിരെ ജഡ്ജിക്ക് മോശമായ ഭാഷ ഉപയോഗിച്ചത്. കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന് മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയതാണെന്നും അവരുടെ വഴിപിഴച്ച ജീവിതം കുട്ടികളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. ആലപ്പുഴ കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കുട്ടിയുടെ അമ്മ മറ്റൊരാള്‍ക്കൊപ്പം കഴിയുകയാണെന്നാണ് ഭര്‍ത്താവിന്റെ വാദം. എന്നാല്‍, ഗാര്‍ഹികപീഡനത്താല്‍ വീടുവിട്ടുപോയതാണെന്ന് ഹര്‍ജിക്കാരി വാദിച്ചു. സ്ത്രീയെ മറ്റൊരു പുരുഷന്റെ കൂടെ കണ്ടെത്തിയതിനാല്‍ അവള്‍ക്ക് അവിഹിതബന്ധമുണ്ടെന്നോ അവള്‍ ഒരു മോശം അമ്മയാണെന്നോ കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വീടുവിട്ടിറങ്ങാന്‍ പല സാഹചര്യങ്ങളുമുണ്ടാകാം. കുട്ടികളുടെ കസ്റ്റഡിയുടെ കാര്യത്തില്‍ ക്ഷേമമാണ് ആദ്യം പരിഗണിക്കേണ്ടത്. കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒന്നിടവിട്ട ആഴ്ചകളില്‍ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതവും അലോസരപ്പെടുത്തുന്നതാണെന്നും ജില്ലാ ജുഡീഷ്യറിയിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥയാണിത് വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.