ഷൊർണൂർ : കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘ബഗറ്റല്ലെ കസിഡി സിൻഡ്രോം’ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഷൊർണൂർ ഐക്കോൺസ് ആശുപത്രിയിലാണ്, മലപ്പുറം ജില്ലക്കാരനായ ഏഴു വയസ്സുകാരനിൽ മെഡിക്കൽ സൂപ്രണ്ടും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹംസ മുള്ളത്ത് രോഗനിർണയം നടത്തിയത്. സാധാരണയിലും വലിയ ശിരസ്സ്, കണ്ണുകൾ തമ്മിലുള്ള ദൂരക്കൂടുതൽ, കേൾവിക്കുറവ്, കുറുകിയ കൈകാലുകൾ എന്നിവയാണു 1995ൽ യുഎസിലെ അരിസോനയിൽ ആദ്യമായി കണ്ടെത്തിയ രോഗത്തിന്റെ ലക്ഷണങ്ങൾ.
ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോൺസിൽ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു. ചികിത്സയ്ക്കായി മുൻപു രോഗനിർണയം നടത്തിയ മെക്സിക്കോയിലെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. ജനിതക രോഗമാണെന്നു കരുതുന്നെങ്കിലും ഇതിനു കാരണമായ ഘടകങ്ങൾ കണ്ടെത്തിയിട്ടില്ല. അപൂർവ രോഗങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നു പരീക്ഷണം ആരംഭിച്ചു.