തിരുവനന്തപുരം : അശ്ലീല യു ട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ജാമ്യം നല്‍കുന്നത് നിയമം കയ്യില്‍ എടുക്കുന്നതിന് പ്രചോദനമാകും എന്നാണ് പ്രോസിക്യൂഷന്‍ ജ്യാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയുടെ പരിഗണനയിലുളള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വെളളിയാഴ്ച വിധി പറയും.
തിരുവനന്തപുരം തമ്പാനൂര്‍ പോലീസാണ് വിജയ് പി നായരുടെ പരാതിയില്‍ കേസെടുത്തത്. അതിക്രമിച്ച് കടക്കല്‍, മോഷണം, കയ്യേറ്റം ചെയ്യല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് ഭാഗ്യലക്ഷ്മിയ്ക്കും ദിയസനയ്ക്കും ശ്രീലക്ഷ്മിയ്ക്കും എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തനിക്ക് പരാതിയൊന്നും ഇല്ലെന്നും താന്‍ ചെയ്ത വീഡിയോയിലെ തെറ്റുകള്‍ തനിക്ക് മനസിലായെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ആദ്യം പറഞ്ഞ വിജയ് പി നായര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാഗ്യലക്ഷ്മിയും ദിയ സനയും തന്നെ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ വിജയ് പി നായര്‍ നിലവില്‍ റിമാന്‍ഡിലാണ്.
തിരുവനന്തപുരം സ്വദേശിയായ വിജയ് പി നായര്‍ എന്ന വ്യക്തി യു ട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സ്ത്രീകള്‍ക്കെതിരെ നിരന്തരം ലൈംഗിക അധിക്ഷേപം നടത്തുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മി, കവയത്രി സുഗതകുമാരി, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ തുടങ്ങിയ നിരവധി സ്ത്രീകള്‍ക്കെതിരെയാണ് ഇയാള്‍ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശങ്ങളും നുണക്കഥളും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡ്വൈസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഇയാള്‍ക്കെതിരെ നടപടിയൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായര്‍ക്കെതിരെ അയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കയറി കരി ഓയില്‍, ചൊറിയന്നം പ്രയോഗം നടത്തി മര്‍ദ്ദിച്ചത്.