കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റേയും സെയ്തലവിയുടേയും ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി. സ്വപ്നയ്ക്ക് പോലീസിലും നിര്‍ണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാന പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
സെയ്തു, സ്വപ്‌ന എന്നിവര്‍ ഇന്നലെ ജാമ്യാപേക്ഷയുമായി എത്തിയതിനെ തുടര്‍ന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡിഷനല്‍ സി.ജെ.എം കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.