കാസര്‍കോട് : കാസര്‍കോട് നിയോജകമണ്ഡലത്തിലേക്കുള്ള ബാലറ്റ് പേപ്പറില്‍ ചിഹ്നങ്ങളില്‍ വലുപ്പവ്യത്യാസം. യന്ത്രങ്ങളില്‍ പതിപ്പിക്കാനെത്തിച്ച ബാലറ്റ് പേപ്പറില്‍ ബി.ജെ.പി.യുടെ താമരചിഹ്നത്തിന് കൂടുതല്‍ വലുപ്പവും മുസ്ലിംലീഗിന്റെ ഏണിക്ക് വലുപ്പം കുറവാണെന്നും കണ്ടെത്തി. ഇതോടെ ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് വോട്ടിങ് യന്ത്രം തയ്യാറാക്കുന്ന പ്രവൃത്തി (ഇ.വി.എം. കമ്മിഷണിങ്) നിര്‍ത്തിവെച്ചു.
തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികള്‍ സംഭവം റിട്ടേണിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഗവ. കോളേജിലെത്തി ചിഹ്നങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്കി. കളക്ടര്‍ കോളേജില്‍ നേരിട്ടെത്തി ചിഹ്നങ്ങള്‍ അളന്നുനോക്കി തിട്ടപ്പെടുത്തി. പിന്നാലെയാണ് വോട്ടിങ് യന്ത്രം തയ്യാറാക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ നിര്‍ദേശിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമികനിഗമനത്തിലാണ് അധികൃതര്‍. തിരഞ്ഞെടുപ്പ് ഓഫീസറെ ധരിപ്പിച്ചശേഷം തുടര്‍നടപടിയെടുക്കാനാണ് തീരുമാനം.