മല്ലപ്പള്ളി : മലയാളഭാഷയുടെ വളർച്ചയ്ക്കു സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിനു നൽകുന്ന ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരത്തിന് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ എഴുമറ്റൂരിന്റെ കവിതകൾ ‘എന്ന പുസ്തകം അർഹമായി. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആദ്ധ്യാത്മികാചാര്യനുമായ ഡോ.ബി.സി.ബാലകൃഷ്ണൻ അദ്ദേഹത്തിന്റെയും ഭാര്യ പ്രൊഫ .രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽരാജ് പുരസ്കാരം.
കവിത , നാടകം, വിമർശനം, ജീവചരിത്രം , സഞ്ചാരസാഹിത്യം, ബാലസാഹിത്യം, തത്ത്വചിന്ത തുടങ്ങി വിവിധശാഖകളിലായി നൂറ്റിമൂന്നു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുമറ്റൂര്‍ ഡൽഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശില്പിയാണ്. സംസ്ഥാന സർവ്വവിജ്ഞാനകോശം എഡിറ്റർ, കേരള സർക്കാരിന്റെ ഔദ്യോഗികഭാഷാവിദഗ്ധൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ്റുകാല്‍ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരും പ്രൊഫ .എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി ഏർപ്പെടുത്തിയ വാർദ്ധാ രാഷ്ട്രഭാഷാപ്രചാർ സമിതിയുടെ ഭാഷാപുരസ്കാരം ഉൾപ്പെടെ ഒരു ഡസനിലേറെ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ബസ്റ്റ് ഒഫ് ഇൻഡ്യ റിക്കാര്‍ഡ്സിലും ലിംക ബുക്ക് ഒഫ് റിക്കാര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്.





























