ബെംഗളൂരു : ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. കേസില്‍ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. രാഗിണിയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്ന മൂന്നാം പ്രതി.
ലഹരി ഇടപാടില്‍ കന്നട ചലച്ചിത്ര മേഖലയിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് സിനിമാ രംഗത്തെ ആളുകളുമായുള്ള ഇടപാടിന്റെ തെളിവുകളും സിസിബിക്ക് ലഭിച്ചിട്ടുണ്ട്. നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു.
നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായി അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശി പലതവണ ഇടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ബെംഗളൂരു നഗരത്തില്‍ ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ആന്റി നാര്‍ക്കോട്ടിക്‌സ് വിങ്ങും വ്യാപകമായി റെയ്ഡുകള്‍ നടത്തുകയാണ്.