ധാക്ക: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുതാര്യത സംബന്ധിച്ച് നിരന്തര ആക്ഷേപം നിലനില്‍ക്കുന്ന വോട്ടിങ് മെഷിനുകള്‍ ഒഴിവാക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. എന്നാല്‍, ഇ.വി.എം റദ്ദാക്കാനുള്ള കാരണം ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ഉപയോഗിക്കേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. 2024 ജനുവരിയിലാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇ.വി.എം ഉപയോഗിക്കുന്നതിനെതിരെ ബി.എന്‍.പി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതിനാല്‍, ബംഗ്ലാദേശിലെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പേപ്പര്‍ ബാലറ്റുകളും സുതാര്യമായ ബാലറ്റ് ബോക്‌സുകളും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു.