ഡൽഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മമത ബാനർജിയുടെ അഭിപ്രായ പ്രകടനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ശക്തമായ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് സർക്കാർ. മമതയുടെ ട്വീറ്റ് പ്രകോപനപരമാണെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് അതിന്റെ ഉള്ളടക്കമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
രാജ്യത്തെ പ്രശ്നം പരിഹരിച്ച്, സാധാരണ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുടെ മരണമടക്കം സൂചിപ്പിച്ചുള്ള തെറ്റിദ്ധാരണജനകമായ പരാമര്‍ശം.
മമത ബാനർജി എക്സ് പോസ്റ്റിൽ പറഞ്ഞതുപോലെ, ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ പരാമർശിക്കുന്നതിനും മാത്രമുള്ള സാഹചര്യം ബംഗ്ലാദേശിൽ നിലവിലില്ല. കൂടാതെ, ജനങ്ങൾക്ക് അഭയം നൽകുമെന്ന ഉറപ്പ് പോലുള്ള, വാഗ്ദാനങ്ങളും അഭിപ്രായങ്ങളും മറ്റൊരു തരത്തിൽ അപകടമാകും. അത്തരം ഒരു പ്രഖ്യാപനം മുതലെടുക്കാൻ അക്രമികളും തീവ്രവാദികളുമടക്കം ശ്രമിച്ചേക്കുമെന്ന ദൂരവ്യാപക പ്രശ്നമുണ്ടെന്നും ബംഗ്ലാദേശ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും, അവര്‍ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.