തൊടുപുഴ: പൊതുമേഖല- ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ കൂട്ടമായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കിങ് സേവനം തടസ്സപ്പെടാന്‍ സാധ്യത. ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുമ്പോൾ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമോ രണ്ട് ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന സാഹചര്യമോ ഉണ്ടാകാം. ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ ദിവസങ്ങളില്‍ മൂന്നിന് മാത്രമായിരിക്കും പൂര്‍ണമായും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഒന്നിന് വാര്‍ഷിക കണക്കെടുപ്പ്, രണ്ട് ദുഃഖ വെള്ളി, നാലിന് ഞായര്‍ എന്നിങ്ങനെ അവധി ദിനങ്ങള്‍.
കൂടാതെ, മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നുവരെ മൈക്രോ ഒബ്സര്‍വര്‍ ഡ്യൂട്ടി കൂടി പൊതുമേഖല ബാങ്ക് ജീവനക്കാര്‍ക്ക് വന്നതിനാല്‍ 29 മുതല്‍ ഏപ്രില്‍ മൂന്നുവരെ ബാങ്കിങ് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇത്രയും ദിവസത്തെ അവധിയും ബാങ്ക് ജീവനക്കാരുടെ ഇലക്ഷന് ഡ്യൂട്ടിയും എ.ടി.എം സേവനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ലോക്കര്‍ ഉള്‍പ്പെടെ ബാങ്കിങ് ഇടപാടുകള്‍ നേരത്തേ പൂര്‍ത്തിയാക്കുകയാണ് നല്ലതെന്ന് ലീഡ് ഡിസ്ട്രിക്ട് അധികൃതര്‍ അറിയിച്ചു.