കൊച്ചി: സിനിമാ മേഖലയിൽ ഇനിയും കൂടുതൽ താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തുറന്നടിച്ച് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്. രാസലഹരി ഉപയോഗിക്കുന്നവരുടെ പേര് സർക്കാരിന് കൈമാറിയിട്ടുണ്ട്. അഭിനയത്തിന് കൂടുതൽ വേതനം വാങ്ങുന്നവരെ മാറ്റി നിർത്തുമെന്നും ഇവർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ജി. സുരേഷ് കുമാർ വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവരും പ്രശ്നക്കാരുമായ നിരവധിപേർ സിനിമ മേഖലയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാളസിനിമയിൽ വേണ്ടെന്നും രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോഗിച്ച് സിനിമയിൽ അഭിനയിക്കുക എന്നത് ഒരു ശരിയായ രീതിയല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.