തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹി ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്തായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ സിആര്‍പിസി 164 വകുപ്പ് പ്രകാരം 2015 മാര്‍ച്ച് 30-ന് ബിജു രമേശ് നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മുന്‍ആരോഗ്യമന്ത്രി വി എസ് ശിവകുമാറും തിരുവനന്തപുരം സെന്‍ട്രല്‍ എംഎല്‍എയുമായ വി.എസ്.ശിവകുമാറിന് പണം നല്‍കിയ കാര്യം ബിജു രമേശ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ബാറുടമകള്‍ ഒരു കോടി രൂപ നല്‍കിയ കാര്യവും ഈ മൊഴിയില്‍ പറയുന്നില്ല. ശിവകുമാറിനും രമേശ് ചെന്നിത്തലയ്ക്കും ബാറുടമകളില്‍ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നുവെന്ന് നേരത്തെ ബിജു രമേശ് ആരോപണം ഉയര്‍ത്തിയിരുന്നു.
പക്ഷെ അതിനു മുന്‍പ് വിജലന്‍സ് എസ്.പി എസ്.സുകേശന് നല്‍കിയ മൊഴിയില്‍ ബിജു രമേശ് ഇക്കാര്യം പറഞ്ഞിരുന്നില്ല. വിജിലന്‍സിനോട് താന്‍ എല്ലാ കാര്യവും മൊഴിയായി നല്‍കിയിരുന്നുവെന്നും എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍ ഈ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ബിജു രമേശ് വാദിക്കുന്നത്.
പക്ഷെ കോടതിയില്‍ സ്വന്തമായി നേരിട്ട് നല്‍കിയ മൊഴിയിലും ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും പണം നല്‍കിയതിനെക്കുറിച്ച് ബിജു രമേശ് പരാമര്‍ശിക്കാതിരുന്നത് ഏറെ ദുരൂഹതകള്‍ക്ക് വഴി തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ കെഎം മാണി ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതോടെയാണ് ബാര്‍കോഴ കേസിലെ അന്വേഷണം നിശ്ചലമായതെന്ന് ബിജു രമേശ് ആരോപണം ഉയര്‍ത്തിയിരുന്നു.എന്തായാലും ബിജു രമേശ് ഇപ്പോള്‍ വെളിപ്പെടുത്തിയതിനെ പിന്നിലെ സാഹചര്യം എന്തായാലും ഏറെ ചര്‍ച്ച വിഷയമാവുകയാണ്.