ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ സ്പാനിഷ് കരുത്തരായ എഫ്‌സി ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും തമ്മിലുള്ള മത്സരം സമനിലയില്‍. കാണികളെ ആവേശത്തിലാഴത്തി ഈ സൂപ്പര്‍ത്രില്ലര്‍ പോരാട്ടത്തില്‍ ആദ്യ മുപ്പത് സെക്കന്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ച് ഇന്റര്‍ മിലാന്റെ മാര്‍ക്കസ് തുറാം ഗോള്‍വല കുലുക്കി. 21-ാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രീസ് നേടിയ ഗോള്‍ ഇന്റര്‍മിലാന്റെ ലീഡ് ഇരട്ടിയാക്കി. 24-ാം മിനിറ്റില്‍ ലാമിന്‍ യാമലിലൂടെ ബാഴ്‌സ തിരിച്ചുവന്നു. ആദ്യപാദം അവസാനിക്കുന്നതിന് മുന്‍പ് റാഫിഞ്ഞയുടെ പാസില്‍ നിന്ന് ഫെറാന്‍ ടോറസ് ഗോള്‍ നേടി സമനില പിടിച്ചു.
63-ാം മിനിറ്റില്‍ ഡംഫ്രീസ് വീണ്ടും ഗോളടിച്ചതോടെ ഇന്റര്‍മിലാന്‍ ലീഡ് തിരിച്ചുപിടിച്ചു. 65-ാം മിനിറ്റിലായിരുന്നു മത്സരത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. റാഫിഞ്ഞയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഇന്റര്‍ മിലാന്‍ ഗോള്‍കീപ്പര്‍ യാന്‍ സോമ്മറിന് മേല്‍ തട്ടി വലയിലേക്ക് കയറിയതോടെ സെല്‍ഫ് ഗോളായി പ്രഖ്യാപിക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്താണ് ബാഴ്‌സലോണ സെമി ഫൈനലിലേക്ക് മുന്നേറിയത്. ബയേണ്‍ മ്യൂണിക്കിനെ മറികടന്നായിരുന്നു ഇന്റര്‍മിലാന്റെ വരവ്. ഇന്റര്‍ മിലാനെതിരെ ഇതിന് മുന്‍പ് കളിച്ച 11 മത്സരങ്ങളില്‍ ആറിലും ബാഴ്‌സയക്കായിരുന്നു ജയം.