കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ കാലം ചെയ്തു. 75 വയസ്സായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായി. 2019 നവംബറില്‍ ആണ് അദ്ദേഹത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഏതാണ്ട് പൂര്‍ണമായും ആശുപത്രി വാസത്തില്‍ ആയിരുന്നു. കോവിഡ് വന്നതിനുശേഷം ന്യൂമോണിയ ബാധിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് നിര്‍ത്തേണ്ടിവന്നു. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന 91-ാ മത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിദിയന്‍ കാതോലിക്ക ബാവ.
1946-ഓഗസ്റ്റ് 30-ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര് കെ.എ. ഐപ്പിന്റെയും കുഞ്ഞിട്ടിയുടെയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. കെ.ഐ. പോള്‍ എന്നായിരുന്നു ആദ്യകാല നാമം. 12- ാം വയസ്സില് അള്‍ത്താര ശുശ്രൂഷകനായി വിശുദ്ധ ജീവിതം തുടങ്ങി.
കുന്നംകുളം ഭദ്രാസനാധിപനായിരിക്കെ 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനിലാണ് അദ്ദേഹം നിയുക്ത കാതോലിക്കാ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയും സഹായിയുമായി നാലു വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു.
പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് പരുമല സെമിനാരി ചാപ്പലില്‍ 2010 നവംബര്‍ ഒന്നിന് പൗരസ്ത്യ കാതോലിക്കായായി അദ്ദേഹം സ്ഥാനാരോഹണം ചെയ്തു. മലങ്കര സഭയെ നയിച്ച പല മെത്രാപ്പൊലീത്തമാരും പിന്‍ഗാമികളെ സ്വയം വാഴിച്ചിട്ടുണ്ടെങ്കിലും ഒരു കാതോലിക്കാ തന്റെ പിന്‍ഗാമിയെ വാഴിക്കുന്നത് മലങ്കര സഭയില്‍ അത് ആദ്യമായിട്ടായിരുന്നു.
വാഴിക്കല്‍ ദിവസത്തിന്റെ പ്രത്യേകതകളായിരുന്നു മറ്റൊരു അപൂര്‍വത. മലങ്കരയുടെ മഹായിടയനായി പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ സ്ഥാനമേറ്റത് കേരളപ്പിറവി വാര്‍ഷിക ദിനത്തിലാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ നിറവില്‍, ആ പുണ്യഭൂമിയിലാണ് സ്ഥാനാരോഹണം നടന്നത് എന്നതു മറ്റൊരു പ്രത്യേകതയായി.
1912-13 വര്‍ഷങ്ങളില്‍ കാതോലിക്കയായിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ് പൗലോസ് എന്ന പേരില്‍ മറ്റൊരു കാതോലിക്കായെ പൗലോസ് ദ്വിതീയന്‍ ബാവായിലൂടെ മലങ്കര സഭയ്ക്കു ലഭിച്ചത്.
ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കാതോലിക്കാ സ്ഥാനത്തെത്തി ചെറിയ കാലത്തിനുള്ളില്‍ത്തന്നെ അശരണര്‍ക്കും വേദനിക്കുന്നവര്‍ക്കും സാന്ത്വനമാകുന്ന ഒരുപിടി പദ്ധതികള്‍ സഭാതലത്തില്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നൂറുകോടിയിലേറെ രൂപ ചെലവാകുന്ന പരുമല കാന്‍സര്‍ സെന്ററാണു സേവനപാതയില്‍ അഭിമാനിക്കാവുന്ന വലിയൊരു കാല്‍വെയ്പ്. ഇതിന്റെ ഉദ്ഘാടനമായിരുന്നു സപ്തതി വര്‍ഷത്തിലെ പ്രധാന പരിപാടി. ഒപ്പം നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സാ സഹായ പദ്ധതി ‘സ്‌നേഹസ്പര്‍ശ’വും ആരംഭിച്ചു.
ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനു സാക്ഷിയായത് കെ.എസ്. ചിത്രയുമായിരുന്നു. അദ്ദേഹത്തിന്റെ ദീനാനുകമ്പ നിറഞ്ഞ പ്രവര്‍ത്തിയില്‍ മനം നിറഞ്ഞ ചിത്ര സ്വന്തം കയ്യിലെ വിലയേറിയ മോതിരം ആദ്യസംഭാവനയായി നല്‍കിയാണ് തുടക്കമിട്ടത്. കാതോലിക്കാ ബാവായുടെ ദീനാനുകമ്പയും പാവപ്പെട്ടവരോടുള്ള ആര്‍ദ്രതയും കണ്ടറിഞ്ഞ ചിത്രയും ഭര്‍ത്താവ് വിജയ ശങ്കറും സഹായത്തിനായി മുന്‍പന്തിയില്‍ത്തന്നെ നിന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ വേദിയിലെത്തിച്ചതാണു പൗലോസ് ദ്വിതീയന്‍ ബാവായുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രമുഖം. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും 2011 ല്‍ വോട്ടവകാശം ഏര്‍പ്പെടുത്തിയതിലൂടെ പള്ളി ഭരണത്തിലും അതുവഴി സഭാ ഭരണത്തിലും സ്ത്രീകള്‍ നിര്‍ണായക ശക്തിയായി മാറി. പുതുതലമുറയ്ക്കും കുടുംബങ്ങള്‍ക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വികസന വകുപ്പിന്റെ കീഴില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി.