തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന് നിവേദനം നല്‍കി. നീണ്ട 19 വർഷങ്ങള്‍ പിന്നിട്ടിട്ടും ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് വീട്ടു നമ്പറോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കുന്നതിന് യാതൊരു നടപടിയുമില്ലെന്നും കേരളീയ സമൂഹത്തിന് തന്നെ ഇത് അപമാനകരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി റവന്യൂ സെക്രട്ടറിയായിരുന്ന എം.ജി രാജമാണിക്യം സമരഭൂമി സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതിദരിദ്ര കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങളും വാർദ്ധക്യ പെൻഷൻ, വികലാംഗ പെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയവയും ഇവര്‍ക്ക് ലഭ്യമാക്കണം. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഉടൻ അങ്കണവാടി ആരംഭിക്കുക, തുടർ സന്ദർശനങ്ങളോടെ സമഗ്ര മെഡിക്കൽ ക്യാമ്പ് നടത്തുക, അത്യാവശ്യ മരുന്നുകളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുക, യുദ്ധകാലടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകുക, വെളിച്ചത്തിനായി കൂടുതൽ മണ്ണെണ്ണ അനുവദിക്കുക, സുരക്ഷിതമായ കുടിവെള്ള വിതരണ പദ്ധതി സ്ഥാപിക്കുക, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന റോഡ് നിർമ്മിക്കുക, മനുഷ്യ – വന്യജീവി സംഘർഷം കണക്കിലെടുത്ത് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് റോഡ് സംരക്ഷണ പ്രവർത്തനം നടത്തുക തുടങ്ങി അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന നിർദ്ദേശങ്ങളാണ് റവന്യൂ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയത്.
ഈ ശുപാർശകൾ അടിയന്തിരമായി നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാൽ റേഷൻ കാർഡ് നൽകുന്ന നടപടി മാത്രമാണ് ഇതിനു ശേഷം ഉണ്ടായിരിക്കുന്നത്. റവന്യൂ സെക്രട്ടറി സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്നിരിക്കെ പരിഹാരം നീണ്ടുപോകുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം സംബന്ധിച്ച് പ്രാഥമിക ആലോചനകൾ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉറപ്പ് നൽകിയതായി പുതുശ്ശേരി അറിയിച്ചു.































