കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ എറണാകുളത്ത് ചികിത്സയിലായിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി. കൊല്ലത്ത് പിതാവിനെ സന്ദര്‍ശിക്കാനായി കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. കോടതി അനുവദിച്ച സമയം അവസാനിച്ചതോടെയാണ് ബെംഗളൂരുവിലേയ്ക്ക് മടങ്ങിയത്. പിതാവിനെ കാണാതെയാണ് മഅദനിയുടെ മടക്കം. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിടപ്പിലായ പിതാവിനെ കാണാന്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.
എന്നാല്‍, കേരളത്തില്‍ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കൊച്ചിയില്‍നിന്ന് കൊല്ലത്തെ വീട്ടില്‍ എത്താനായില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെ ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയി. ജൂണ്‍ 26 നായിരുന്നു ബംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയത്. ഇവിടെ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മഅദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.