തിരുവനന്തപുരം : ബിടെക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ 82 അധ്യാപകരോട് വിശദീകരണം ചോദിച്ച് സര്‍വകലാശാല. പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അനര്‍ഹര്‍ക്ക് കൂടുതല്‍ മാര്‍ക്കു നല്‍കി വിജയിപ്പിച്ചതായും ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല ഇത്രയും അധ്യാപകരോട് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ചോദിക്കുന്നത്.
ബിടെക്ക് ഏഴാം സെമസ്റ്റര്‍ പരീക്ഷയില്‍ ആദ്യമൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ പരാതിയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് രണ്ട് പുനര്‍മൂല്യ നിര്‍ണയങ്ങളിലും ഗുരുതര പിഴവ് കണ്ടെത്തിയത്. 24,854 ഉത്തരകടലാസുകളാണ് പൂനര്‍മൂല്യനിര്‍ണയത്തിന് പോയത്. ഇതില്‍ ആദ്യമൂല്യനിര്‍ണയത്തില്‍ പരാജയപ്പെട്ട 24 ശതമാനം പേര്‍ വിജയിച്ചു. 34.4 ശതമാനത്തിന് ഉയര്‍ന്നഗ്രേഡും കിട്ടി. ഇതോടെ ആദ്യത്തെക്കാള്‍ 15 മാര്‍ക്ക് അധികം ലഭിച്ച 2617 പേര്‍ക്ക് ചട്ടപ്രകാരം പരീക്ഷാ ഫീസ് തിരികെ കൊടുക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരായി.
ആദ്യമൂല്യനിര്‍ണയം നടത്തിയവരോട് സര്‍വകലാശാല വിശദീകരണ ചോദിക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ആ അധ്യാപകര്‍ പരാതി നല്‍കി. പരീക്ഷാ ഉപസമിതി ഇത് പരിശോധിച്ചപ്പോഴാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയത്. ഉദാരമായി മാര്‍ക്ക് നല്‍കലായി പുനര്‍മൂല്യനിര്‍ണയം തരംതാണു എന്നുമാത്രമല്ല പലയിടത്തും രണ്ടും മൂന്നും മൂല്യനിര്‍ണയം നടത്തിയത് ഒരേ അധ്യാപകരാണെന്നും തെളിഞ്ഞു.
ഇതൊന്നും പരിശോധിക്കാനോ തിരുത്താനോ സംവിധാനമില്ലെന്നത് സാങ്കേതിക സര്‍വകലാശാലയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പുനര്‍മൂല്യ നിര്‍ണയം നടത്തിയവരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധനാ സമിതികള്‍ രൂപീകരിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയ സമയത്ത് കോളജുകളില്‍ ക്ലാസുകള്‍ വേണ്ടെന്നുവെക്കാനും തീരുമാനിച്ചു. പരീക്ഷാ, അഫിലിയേഷന്‍ മാന്യുവലുകള്‍ പരിഷ്‌ക്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.