തിരുവനന്തപുരം : വര്‍ക്കല പള്ളിക്കല്‍ പാലവ കോണത്ത് കരടി കെണിയില്‍പെട്ടു. വനംവകുപ്പിന്റെ കെണിയിലാണ് കരടി ഇന്നലെ രാത്രി കുടുങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ വനമേഖലയുടെ സമീപമല്ലാത്ത പള്ളിക്കല്‍ ഭാഗത്താണ് കഴിഞ്ഞദിവസം കരടി ഇറങ്ങിയത്. റബര്‍ എസ്റ്റേറ്റില്‍ കരടി പോകുന്ന ദൃശ്യവും കിട്ടി. മരുതികുന്ന്, പുന്നോട്, കക്കോട്, പളളിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍ പള്ളിക്കല്‍ പോലീസില്‍ വിവരം നല്‍കിയിരുന്നു.
മകന്‍ ജോലിക്കിറങ്ങിപോയപ്പോള്‍ പുറത്തേയ്ക്കു നോക്കിയ പള്ളിക്കലിലെ വീട്ടമ്മ കരടി മകന്റെ പിന്നാലെ ഓടി കല്‍ക്കെട്ടിലൂടെ രക്ഷപ്പെടുന്നതു കണ്ടതോടെയാണ് പ്രദേശത്ത് കരടിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവിടെ കണ്ടെത്തിയ കാല്‍പ്പാടുകള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയുടേതാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നാവായിക്കുളം കുടവൂര്‍ മടന്തപച്ചയില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ കെണി സ്ഥാപിച്ചത്. എന്നാല്‍ പള്ളിക്കല്‍ പ്രദേശം വനപ്രദേശമല്ല എന്നതു കൊണ്ട് കരടി സര്‍ക്കസ് കൂടാരത്തില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന സംശയവും നിലനില്‍ന്നുണ്ട്. അല്‍പസമയത്തിനകം വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. അതിനു ശേഷം മാത്രമെ കരടിയെ കാട്ടില്‍ തുറന്നു വിടണോ മൃഗശാലയിലേയ്ക്കു മാറ്റണോ എന്നു തീരുമാനിക്കൂ.