കൊളംബോ: സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ് വേദിയില്‍ വെച്ച് നടന്ന തര്‍ക്കത്തില്‍ വിജയിക്ക് പരിക്കേറ്റു. സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി. കിരീടത്തിനായുള്ള പോരിന് ഇടയില്‍ പുഷ്പികയുടെ തലയ്ക്ക് പരിക്കേറ്റു.
ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി സ്‌റ്റേജിലെത്തിയിരുന്നു. ആദ്യം പുഷ്പികയ്ക്ക് കിരീടം നല്‍കിയ കരോലിന്‍ പിന്നീട് അത് പിടിച്ചുവാങ്ങുകയായിരുന്നു. പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്റെ നടപടി.
പുഷ്പിക ഡിസില്‍വ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് ആരോപിച്ചാണ് കിരീടം നിഷേധിച്ചത്. മിസിസ് ശ്രീലങ്കയായി പ്രഖ്യാപിച്ച് കിരീടം അണിയിച്ച് സെക്കന്റുകള്‍ പിന്നിട്ടപ്പോഴാണ് കരോലിന്‍ കിരീടം ഊരാന്‍ വേദിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരിക്ക് കിരീടം നല്‍കണം എന്ന് സദസിനോട് കരോലിന്‍ ആവശ്യപ്പെട്ടു.