റാന്നി : റാന്നി മിനി സിവില്‍ സ്റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കൂടു കൂട്ടിയ പെരുന്തേനീച്ച കൂട് ഭീക്ഷണിയാവുന്നു. താലൂക്ക്, ഓഫീസ്, മുന്‍സിഫ് കോടതി, അഗ്നിശമന സേന എന്നിങ്ങനെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലാണ് അപകടം പതിയിരിക്കുന്നത്. നിരവധി ജനങ്ങളും ബന്ധപ്പെട്ട ഓഫീസ് ജീവനക്കാരും ഇപ്പോള്‍ ഭയപ്പാടോടെയാണ് ഇവിടെത്തുന്നത്. ഏതു സമയവും ഈച്ച ശല്യമുണ്ടാവാന്‍ സാധ്യതയേറെയാണ്.
കാക്കയോ പരുന്തോ തട്ടിയിളക്കിയാല്‍ നൂറുകണക്കിനാളുകള്‍ക്ക് അത് ഭീക്ഷണിയാവും. ഇതെ വളപ്പില്‍ തന്നെയാണ് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം ബ്ലോക്കും കോടതിയും ട്രഷറിയുമെല്ലാം. ഇവിടെയെല്ലാം കൂടി നിത്യേന നിരവധിയാളുകള്‍ എത്തുന്നതാണ്. ഈച്ചയെ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ വന്‍ അപകടം ഉണ്ടാവാന്‍ സാധ്യതയേറെയാണ്. അഗ്നിരക്ഷാ സേനയ്ക്ക് ഇതു നീക്കം ചെയ്യാവുന്നതേയുള്ളുവെങ്കിലും അവരും കണ്ണടക്കുകയാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്ന് ജീവനക്കാരും പൊതുജനങ്ങളും ഒരു പോലെ ആവശ്യപ്പെടുന്നു.