ചാലക്കുടി : ദേശീയപാതയില്‍ ചാലക്കുടി മുരിങ്ങൂരിൽ മദ്യം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു സമീപത്താണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പാലക്കാടുനിന്നും ബിയർ കയറ്റി കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി ഉപറോഡിലേക്ക് മറിയുകയായിരുന്നു.
മുൻപിൽ കടന്നു പോയ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ആർക്കും പരിക്കില്ല. ഉപറോഡിലേക്ക് മറിഞ്ഞതിനാൽ ദേശീയപാതയിൽ ഗതാഗത തടസ്സമില്ല. സ്ഥലത്ത് കൊരട്ടി എസ്.ഐ സി.കെ സുരേഷും എക്സൈസ് അധികൃതരുമെത്തി.