ബെംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യം മാത്രമായിരുന്നുവെന്ന് ബിജെപി നേതാവും കർണാടക മുൻമന്ത്രിയുമായ ബി. ശ്രീരാമലു. ഇപ്പോൾ രാജ്യത്തിന്റെ സ്ഥിതി മാറിയെന്നും ലോകം ഇന്ത്യയെ അംഗീകരിക്കാൻതുടങ്ങിയെന്നും മോദിസർക്കാരിന്റെ പതിനൊന്നുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 70 വർഷംകൊണ്ട് കോൺഗ്രസിന് ചെയ്യാൻസാധിക്കാതിരുന്ന വികസനം, കഴിഞ്ഞ 11 വർഷത്തിൽ നടപ്പാക്കാൻകഴിഞ്ഞു. നെഹ്‌റുകുടുംബം രാജ്യത്തിന്റെ വികസനത്തെപ്പറ്റി ആലോചിച്ചിട്ടില്ല.
വ്യക്തിനേട്ടത്തിലും ലാഭത്തിലുമായിരുന്നു അവരുടെ ശ്രദ്ധ. ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം നെഹ്‌റുവിന്റെ നിലപാടുകളാണ്. ആയിരക്കണക്കിന് സൈനികരെ ബലികൊടുത്തു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യമനോഭാവത്തിന് തെളിവാണ് അടിയന്തരാവസ്ഥ. ഇടനിലക്കാരിൽനിന്ന് കമ്മിഷൻ വാങ്ങുകയായിരുന്നു ഇവരുടെ പ്രധാന ജോലി.ഇപ്പോഴും ഗാന്ധികുടുംബം അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മോദിസർക്കാരിന്റെകാലത്ത് രാജ്യം സാമ്പത്തികമായി വികസിച്ചു. കൂടുതൽ വിമാനത്താവളങ്ങളും ദേശീയപാതകളുമുണ്ടായി. ഭീകരവാദത്തെ തുടച്ചുനീക്കാൻ മോദി പരിശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.