എറണാകുളം : നെഹ്രു യുവകേന്ദ്ര കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് ഗോത്രവർഗ്ഗ യുവജന വിനിമയ പരിപാടി. ഓഢീഷ, ജാർഖണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറ് യുവതീ യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഗോത്രവർഗ്ഗ യുവജനങ്ങൾക്ക് വികസിത നഗരങ്ങളിലെ ജീവിത രീതികളും സംസ്കാരവും മനസ്സിലാക്കാനുള്ള അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എറണാകുളം ലോക്സഭാംഗം ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. എറണകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ മുത്തലീവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നെഹ്രു യുവകേന്ദ്ര കേരളാ സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ ഉഷ പ്രവീൺ, തൃക്കാക്കര മുനിസിപ്പാലംഗം സി.പി. സാജൻ, നെഹ്രു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എൻ.എസ് മനോരഞ്ജൻ, നെഹ്രു യുവേകന്ദ്ര എറണാകുളം ജില്ലാ കോഓഡിനേറ്റർ കെ.ഹരിലാൽ, ക്യാംപ് കോഓഡിനേറ്റർ ടോണി തോമസ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലെ സന്ദർശനം, ബോട്ട് സവാരി, കേരളാ ഫെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.