തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. സഭാ സ്ഥാപനങ്ങളിൽ നിന്നും കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെത്തിയതോടെ ബിലീവേഴ്സിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും.
നികുതി നിയമങ്ങൾ മറികടന്ന് ക്രമക്കേട് നടത്തിയത് കൂടാതെ വൻ കള്ളപ്പണ ശേഖരവും കണ്ടെത്തിയതോടെയാണ് ബിലീവേഴ്സിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് കളം ഒരുങ്ങുന്നത്. മൂന്നാം ദിവസമായ ഇന്നും രാജ്യത്തെ 60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡിൽ കൂടുതൽ പണവും നികുതിവെട്ടിപ്പ് രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തി. സഭാ സ്ഥാപനങ്ങളിലെ റെയ്ഡിനു പിന്നിൽ വക്താവ് ഫാ. സിജോ പന്തപ്പള്ളിയാണന്നും ഉന്നതരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ഭാരവാഹികൾ ആരോപിച്ചിരുന്നു.
ബിലീവേഴ്സ് ഗ്രൂപ്പിന് കീഴിൽ രാജ്യത്തെ 60 കേന്ദ്രങ്ങളിലായാണ് സാമ്പത്തിക ക്രമക്കേടുകൾ നടന്നതെങ്കിലും കള്ളപ്പണത്തിൻ്റെ നിക്ഷേപം ഡൽഹിയിലും തിരുവല്ലയിലുമാണെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. നിരോധിച്ച നോട്ടുകൾ കൂടി കണ്ടെത്തിയതോടെ സഭയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളും കൊച്ചിയിലെത്തിച്ചാണ് പരിശോധിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന കൂടി പൂർത്തീകരിച്ച ശേഷമാവും റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആദായ നികുതി വകുപ്പ് പുറത്ത് വിടുക.