തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിവന്ന പരിശോധന താത്കാലികമായി നിര്‍ത്തിയെങ്കിലും നടപടികള്‍ തുടരും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പരിശോധന കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ മടങ്ങി. പക്ഷേ ഇനിയും പരിശോധനകള്‍ നടക്കും. സഭാ അധ്യക്ഷന്‍ കൂടിയായ ബിഷപ്പ് കെ പി യോഹന്നാന്‍ അമേരിക്കയിലാണുള്ളത്. രേഖകളുടെ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ വിളിച്ചുവരുത്തും.
പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധന ഇനി നടക്കും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പിനോടും ആശുപത്രി മാനേജരോടും ആവശ്യപ്പെട്ടു. ശനിയാഴ്ച മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കെത്തിയിരുന്നു. 15.5 കോടിയോളം രൂപ പിടിച്ചെടുത്തതായാണു സൂചന. ഇതില്‍ നിരോധിത നോട്ടുകളുമുണ്ട്. ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജിലെ ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് മൂന്നുകോടിയോളം രൂപ കണ്ടെത്തി. ഈ കാറിന്റെ ഉടമയായ ആശുപത്രി ജീവനക്കാരന്‍, ആശുപത്രിയുടെ സാമ്ബത്തികവിഭാഗം മേധാവിയും ചര്‍ച്ചിലെ വികാരിയുമായ ആളിനോട് നടത്തിയ ഫോണ്‍ സംഭാഷണവും പരിശോധിക്കുന്നുണ്ട്. തന്നെ അറിയിക്കാതെ കാറില്‍ പണം സൂക്ഷിച്ചത് ചതിവല്ലായിരുന്നോയെന്നാണ് ജീവനക്കാരന്‍ കരഞ്ഞുകൊണ്ട് ഫോണില്‍ ചോദിക്കുന്നത്.
റെയ്ഡിനിടെ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി ആദായനികുതി വകുപ്പ് പറയുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവ നശിപ്പിക്കാന്‍ വൈദികന്റെയും ജീവനക്കാരിയുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായതാണ് പറയുന്നത്. റെയ്ഡിന്റെ ആദ്യദിനത്തിലാണ് തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായത്. പിടിച്ചെടുത്ത ഐ-ഫോണ്‍ പിടിച്ചുപറിച്ച വൈദികന്‍ ഓടി ശൗചാലയത്തില്‍ കയറി ഫോണ്‍ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് ഇത് തടഞ്ഞു. ഇതിനിടെ ഫോണ്‍ നിലത്തിട്ട് തകര്‍ത്തു. ഇതു കൂടാതെയാണ് പെൻഡ്രൈവ് തകര്‍ക്കാന്‍ ജീവനക്കാരിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ഇതില്‍നിന്നെല്ലാം ആദായനികുതി വകുപ്പ് ഡേറ്റ ശേഖരിച്ചതായാണ് വിവരം.
അതിനിടെ ആദായനികുതിവകുപ്പ് നടത്തുന്ന അന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പി.ആര്‍.ഒ. ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. പരിശോധന രണ്ടുമാസം നീളുമെന്നാണറിയുന്നത്. 60 സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്തവ സംബന്ധിച്ച് അര്‍ധസത്യങ്ങളും വസ്തുതയില്ലാത്ത കാര്യങ്ങളുമാണ് പ്രചരിക്കുന്നത്. പരിശോധന കഴിയുമ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ സഭ കൃത്യമായ നടപടിയെടുക്കും. അന്തിമറിപ്പോര്‍ട്ട് ലഭിക്കുംവരെ വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്ന് സിജോ പന്തപ്പള്ളില്‍ അഭ്യര്‍ത്ഥിച്ചു.
പരിശോധനയില്‍ 300 കോടിയുടെ സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. മൂന്നുദിവസമായി നടന്ന പരിശോധന തിങ്കളാഴ്ച പുലര്‍ച്ച അവസാനിച്ചു. റെയ്ഡില്‍ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി സഭ ആസ്ഥാനത്ത് നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പിടിച്ചെടുത്തിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശത്തുനിന്ന് 6,000 കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ച് രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
കണ്ണൂരില്‍ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയില്‍ നടത്തിയ ചികിത്സകള്‍ക്ക് ബില്ലുകള്‍ അടച്ച രേഖകളും പിടിച്ചെടുത്തതായും പറയുന്നു. 2016ല്‍ സഭയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ ട്രസ്റ്റുകള്‍ രൂപവത്കരിച്ച് പണമിടപാടിനുള്ള നീക്കങ്ങളിലായിരുന്നു സഭയെത്രെ. എട്ടു മാസമായി അമേരിക്കയില്‍ തുടരുന്ന കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്തയെയും സഭയിലെ രണ്ടാമനായ ഫാ. ദാനിയേല്‍ വര്‍ഗീസിനെയും മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളും ആദായനികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഭൂമിയിടപാട് അടക്കമുള്ള ചില രേഖകളും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം പരിശോധിക്കും. അതിന് ശേഷമാകും ചര്‍ച്ച് അധികാരികളുടെ ചോദ്യം ചെയ്യല്‍.