ബന്‍കുര : ബന്‍കുര ജില്ലയിലെ ബെലിയാര ഗ്രാമത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് ബാബര്‍ അലി ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ആയുധങ്ങളുമായി എത്തിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അദ്ദേഹത്തിന് പ്രദേശത്ത് വളരെ ജനപ്രീതിയുണ്ടായിരുന്നതായും ഇതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ടി എം സി നേതാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പശ്ചിമബംഗാള്‍ മന്ത്രിയും ടി എം സി പ്രസിഡന്റുമായ ശ്യാമള്‍ സാന്ത്ര പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു കുറ്റവാളിക്കും അഭയം നല്‍കില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍ മന്ത്രിയും ടി എം സി നേതാവുമായ ശ്യമ മുഖര്‍ജി ബാബര്‍ അലിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച അദ്ദേഹം സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യതാ പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.