ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂ. ഉച്ചയ്ക്ക് ഒരു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും. ബെംഗളൂരു കഫേയിലെ സ്ഫോടനവും 2022ലെ മംഗളൂരു സ്ഫോടനവും തമ്മിലെ സമാനതകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
2022 നവംബർ 19 ന് മംഗളൂരുവിൽ ഒരു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച കുക്കർ ബോംബ് സ്ഫോടനവുമായുളള കഫെ സ്ഫോനത്തിന്‍റെ സമാനതകളാണ് പരിശോധിക്കുന്നത്. ബെംഗളൂരുവില്‍ സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ 46കാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും.